കണ്ണൂര്‍: നഗരത്തിലെ സിസിടിവി കാമറകള്‍ ഓണത്തിന് മുമ്പേ മിഴി തുറക്കും. കാമറകള്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തി അവസാന ഘട്ടത്തിലാണ്. നഗരത്തില്‍ സുരക്ഷാവലയമൊരുക്കുന്നതിന്റെ ഭാഗമായാണ് 44 സിസിടിവി കാമറകള്‍ സ്ഥാപിക്കുന്ന പദ്ധതിയൊരുക്കിയത്. 30 സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തിയായത്. ഇത് ഓണത്തിന് മുമ്പ് തന്നെ പ്രവര്‍ത്തന സജ്ജമാക്കും.
ഹൈഡഫനിഷന്‍ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആളുകളുടെ മുഖം സൂം ചെയ്ത് കാണുന്നതിന് സൗകര്യമുള്ള സിസി സെഡ് കാമറകളാണ് സ്ഥാപിച്ചത്. ഇതിന്റ മോണിറ്ററിംഗ് സംവിധാനം പയ്യാമ്പലത്ത് പോലീസ് എയ്ഡ്‌പോസ്റ്റിലാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിച്ചത്. എല്ലാം പ്രവര്‍ത്തനസജ്ജമായാല്‍ ഇതിന്റെ നിരീക്ഷണച്ചുമതല പോലീസിന് കൈമാറും. അനധികൃതമായി പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നവരെ പിടികൂടാനും കാമറയിലൂടെ സഹായകമാകും.
















