ആലപ്പുഴ: വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാര്‍വ്വജനിക ഗണേശോത്സവത്തിന് തുടക്കമായി. പഴയ വീരയ്യ തീയേറ്ററിന് എതിര്‍വശമാണ് ഗണേശോത്സവം കൊണ്ടാടുന്നത്. തോണ്ടന്‍കുളങ്ങരയില്‍ നിന്നും തുടങ്ങിയ വിഗ്രഹ ഘോഷയാത്രയ്‌ക്ക് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളിലടക്കം ഭക്തര്‍ അകമ്പടി വേവിച്ചു.
തുടര്‍ന്ന് ഉത്സവവേദിയില്‍ മഹാഗണേശ പ്രതിഷ്ഠ നടത്തി. സാംസ്‌കാരിക സമ്മേളനം നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാഗവതാചാര്യന്‍ കെ.ഡി. രാമകൃഷ്ണന്‍, എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി. സബില്‍രാജ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ആര്‍. ഹരി തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടകസമിതി പ്രസിഡന്റ് ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ചാത്തനാട് പ്രകാശന്‍ സ്വാഗതവും സി. നാഗപ്പന്‍ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ വേദപാരായാണം, ഗണേശ സഹസ്രനാമജപം, ഭാഗവത പാരായണം, നാരായണീയ പാരായണം, ജ്ഞാനപ്പാന പാരായണം, 11ന് ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ ആദ്ധ്യാത്മിക പ്രഭാഷണം. വൈകിട്ട് നാലിന് തിരുവല്ല അമൃതാനന്ദമയീമഠം അധിപതി ബ്രഹ്മചാരിണി ഭവാമൃതചൈതന്യ പ്രഭാഷണം നടത്തും.നാളെ രാവിലെ 11ന് ഡോ. നാരായണന്‍ ഭട്ടതിരിയുടെയും വൈകിട്ട് നാലിന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്‌ജെആര്‍ കുമാറിന്റെയും പ്രഭാഷണം. ഏഴിന് രാവിലെ ഒന്‍പതിന് സമൂഹ ഭജന.
11ന് സമാപന സഭയില്‍ സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപലാകൃഷ്ണന്‍ ഹിന്ദുത്വം സാര്‍വ്വകാലിക പ്രസക്തം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ജോ. കണ്‍വീനര്‍ കെ.പി. പരീക്ഷിത്ത് സ്വാഗതം പറയും. ഉച്ചയ്‌ക്ക് 2.30ന് വിഗ്രഹനിമഞ്ജന ഘോഷയാത്ര. എല്ലാ ദിവസവും ചിന്മയ ഭജന മണ്ഡലി, ആര്‍ട്ട് ഓഫ് ലിവിങ്, സത്യസായി സേവാ സമിതി എന്നിവരുടെ ഭജനയും സത്സംഗവും നടക്കും.
















