പള്ളുരുത്തി: അര്‍ഹതയില്ലാത്ത പണം നേതാക്കള്‍ കൈപ്പറ്റിയാല്‍ ജനം പൊറുക്കില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു. പി.ഗംഗാധരന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരില്ലെങ്കില്‍ നേതാവില്ല, നേതാവ് എല്ലാത്തിനും മുകളിലാണെന്ന ധാരണ ശരിയല്ല. നേതാവിന്റെ ഉടുപ്പും നടപ്പും സംസാരവുമൊക്കെ ജനം നിരീക്ഷിക്കുന്നുണ്ട്. വളഞ്ഞ വഴിക്ക് പണം വാങ്ങാന്‍ ശ്രമിച്ചാല്‍ ജനം അത് കണ്ടെത്തും ഇക്കാര്യം പൊതുപ്രവര്‍ത്തകര്‍ ഓര്‍ത്തിരിക്കണമെന്നും അഴിമതി രഹസ്യമാക്കി വയ്‌ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്രസമര സേനാനി കെ.എ. ഭാനുപ്രകാശ് പുരസ്‌കാരം സമ്മാനിച്ചു. സമ്മേളനം പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു.
അഡ്വ.എ.ജയശങ്കര്‍ അദ്ധ്യക്ഷനായി.പി.ഗംഗാധരന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.വി.ബെന്നി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, കെ.എ.സുരേഷ്, പി.എസ്.പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.അവാര്‍ഡായി ലഭിച്ച തുക പത്തനാപുരം ഗാന്ധിഭവന് കൈമാറി.
















