പെരുമ്പാവൂര്‍: പൂപ്പാനിയില്‍ വീട്ടില്‍നിന്നും സ്‌ഫോടകവസ്തു ശേഖരവും കഞ്ചാവും കണ്ടെടുത്ത സംഭവത്തില്‍ പ്രധാന പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ അറസ്റ്റ് ചെയ്ത മാഹിന്‍ഷായുടെ ഭാര്യയുടെ സഹോദരനായ ജബ്ബാറിനെയാണ് പോലീസ് അന്വേഷിക്കുന്നത്. ജബ്ബാറിന് വേണ്ടിയാണ് സ്‌ഫോടകവസ്തുക്കളും കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചതെന്നാണ് മാഹിന്‍ഷാ പറഞ്ഞത്. ഇയാളുടെ വീട്ടിലെ നാല് സ്റ്റോര്‍ റൂമുകളിലാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. 6800 ജലാറ്റിന്‍ സ്റ്റിക്കുകളും സിഗരറ്റിന്റെ ചുക്കമാറ്റി അതിനുള്ളില്‍ കഞ്ചാവ് നിറച്ച നിലിയിലുമാണ് ശേഖരങ്ങള്‍ പിടികൂടിയത്. ലൈസന്‍സില്ലാതെ അനധികൃതമായാണ് ജബ്ബാര്‍ സ്‌ഫോടകവസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നതെന്നാണ് വിവരം.
ഇതിനിടെ റിമാന്റിലായ മാഹിന്‍ഷായെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്‌കൂള്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാഹിന്റെ വീട്ടില്‍ എക്‌സൈസ് പരിശോധന നടന്നത്.
















