മിയാമി: കുഞ്ഞൻ നീർനായയും സിംഹക്കുട്ടിയും തമ്മിലുള്ള ചങ്ങാത്തം വിശ്വസിക്കാൻ പറ്റുമോ? എന്നാൽ സത്യമാണ്, അമേരിക്കയിലെ മിയാമി ആസ്ഥാനമായിട്ടുള്ള ‘സുവോളിജിക്കൽ വൈൽഡ് ലൈഫ് ഫൗണ്ടേഷൻ’ എന്ന സംഘടന അടുത്തിടെ ഫേസ്‌ബുക്കിൽ ഇവരുടെ ചങ്ങാത്തം വിളിച്ചോതുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൻ ഹിറ്റാണ്.
ഫൗണ്ടേഷന്റെ കീഴിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലാണ് കൂട്ടുകാർ ഒരുമിച്ച് കഴിയുന്നത്. മുറിയിലെ കട്ടിയുള്ള ബ്ലാങ്കറ്റിനു അടിയിൽ കിടന്നു കള്ളയുറക്കം നടിക്കുന്ന സിംഹക്കുട്ടിയെ നമ്മുടെ കുഞ്ഞൻ നീർനായ വിളിച്ചെഴുന്നേൽപ്പിക്കുന്നത് ഏറെ രസകരമായ കാഴ്ചയാണ്.
തന്നെ വിളിച്ചെഴുന്നേൽപ്പിച്ച കുഞ്ഞൻ നീർനായക്കു പിറകെയാണ് പിന്നെ സിംഹക്കുട്ടിയുടെ നടത്തം. എന്നാൽ നീർനായയും വിട്ടു കൊടുക്കാൻ തയ്യാറല്ല. സിംഹക്കുട്ടിയുടെ പുറകെ നടന്ന് അവനെ മടുപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. രണ്ടു പേരും തമ്മിലുള്ള ഈ തൊട്ട് കളി അങ്ങനെ നീണ്ടു പോകുന്നു.
എന്തായാലും വ്യത്യസ്തമായ ഈ ചങ്ങാത്തം കാഴ്ചക്കാരെ യഥാർത്ഥ സൗഹൃദത്തിന്റെ അർത്ഥ തലങ്ങളിലേക്ക് ആനയിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
https://www.facebook.com/ZWFMiami/videos/1091831854234975/
















