കൊച്ചി:പാലാരിവട്ടത്തെ പ്രമുഖ ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അസിസ്റ്റന്റ് മാനേജരെ പാലാരിവട്ടം പൊലീസ് പിടികൂടി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീരംതുടിയില്‍ വീട്ടില്‍ രാഹുല്‍ (27) ആണ് പിടിയിലായത്. 2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഇയാള്‍ മോഷണം നടത്തിയത്.പലതവണകളിലായി 428 ഗ്രാമോളം സ്വര്‍ണാഭരണങ്ങള്‍ ആണ് കവര്‍ന്നത്.
മാര്‍ക്കറ്റിംഗ് ബിരുദധാരിയായ രാഹുല്‍ സ്ഥാപന ഉടമകളുടെ വിശ്വസ്തനായിരുന്നു. സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ച ഇയാള്‍ ചുരുങ്ങിയ കാലം കൊണ്ട് അസിസ്റ്റന്റ് മാനേജരായി. തുടര്‍ന്ന്,ജുവലറിയിലെ ലോക്കറില്‍ ഇടപാടുകാര്‍ ഏല്‍പ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ നിന്ന് ക്രമക്കേട് കാട്ടി സ്വര്‍ണം കൈക്കലാക്കുകയും മറിച്ചു വില്‍ക്കുകയുമായിരുന്നു. ഇങ്ങനെ കിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു.
സ്റ്റോക്കില്‍ നിരന്തരം കുറവുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമകള്‍ നടത്തിയ ആഭ്യന്തര നിരീക്ഷണത്തിലാണ് അസിസ്റ്റന്റ് മാനേജരുടെ തട്ടിപ്പ് കണ്ടെത്തിയത്.ഉടമകളുടെ പരാതിയില്‍ കേസെടുത്തതോടെ ഒളിവില്‍ പോയ പ്രതി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ കഴിഞ്ഞ ശേഷം കേരളത്തിലേക്ക് മടങ്ങുന്നതിനിടെ തൃശൂരില്‍ വച്ച് പൊലീസ് പിടിയിലാവുകയായിരുന്നു. പ്രതിയുടെ കുറ്റസമ്മത പ്രകാരം നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ നല്ലൊരു ഭാഗം പൊലീസ് വീണ്ടെടുത്തു. ബാക്കി സ്വര്‍ണത്തിനായി അന്വേഷണം നടക്കുന്നു.
















