മുംബൈ: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസായി മഞ്ജുള ചെല്ലൂര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.വി.റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.
ബോംബെ ഹൈക്കോടതിയുടെ 154 വര്‍ഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റീസാണ് മഞ്ജുള ചെല്ലൂര്‍. സുജാത വസന്ത് മനോഹറാണ് ബോംബെ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ധീരേന്ദ്ര വഗേല വിരമിച്ച ഒഴിവിലാണ് മഞ്ജുള ചെല്ലൂര്‍ നിയമിതയായിരിക്കുന്നത്.
2017 വരെ ഇവര്‍ക്കു സേവനകാലാവധിയുണ്ട്. കര്‍ണാടകത്തിലെ ബെല്ലാരി സ്വദേശിനിയാണ്. കൊല്‍ക്കത്ത ഹൈക്കോടതിയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റീസായ മഞ്ജുള ചെല്ലൂര്‍ 2011 നവംബര്‍ മുതല്‍ കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റീസായും 2012 സെപ്റ്റംബര്‍ മുതല്‍ 2014 ഓഗസ്റ്റ് വരെ ചീഫ് ജസ്റ്റീസായും സേവനമനുഷ്ഠിച്ചു.
1977ല്‍ നിയമബിരുദം നേടിയ മഞ്ജുള പത്തുവര്‍ഷം അഭിഭാഷകയായി സേവനമനുഷ്ഠിച്ച ശേഷം 88ല്‍ ജില്ലാ ജഡ്ജിയായി കര്‍ണാടക ജുഡീഷല്‍ സര്‍വീസില്‍ നിയമിതയായി. 2000ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി.
















