മാവേലിക്കര: ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ ആനന്ദജീ ഗുരുദേവന്റെ തൊണ്ണൂറ്റിരണ്ടാമത് ഉത്രാടം ജന്മന ക്ഷത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ ചെന്നിത്തല വാഴക്കൂട്ടം കടവിനു സമീപമുള്ള ആനന്ദമന്ദിരത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്തു.
ആശ്രമാധിപതി സദാനന്ദസിദ്ധ ഗുരുദേവന്‍ അനുഗ്രഹപൂര്‍വ്വം സ്വീകരിച്ചു. തുടര്‍ന്ന് സമൂഹസദ്യ നടന്നു. രണ്ടിന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജന്മനക്ഷത്ര സമ്മേളനം സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി മാത്യു റ്റി.തോമസ് ഉദ്ഘാടനം ചെയ്തു. ശ്രീശുഭാനന്ദാ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന ഭവനങ്ങളില്‍ ഒന്നിന്റെ താക്കോല്‍ദാന കര്‍മ്മം മന്ത്രി നിര്‍വ്വഹിച്ചു.
മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ: ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലിത്ത ആശീര്‍വാദ പ്രസംഗവും ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി മുഖ്യപ്രഭാഷണവും നടത്തി. എംപി: കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എ: കെ.കെ. രാമചന്ദ്രന്‍നായര്‍, ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എന്‍. നാരായണന്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി ചിന്താനന്ദന്‍, സ്വാമി സത്യവ്രതന്‍, അഡ്വ. പി.കെ.വിജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
















