ന്യൂദല്‍ഹി: പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി പ്രത്യക്ഷമായ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പരീക്കര്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ചത്.
സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമുണ്ടായി. നമ്മുടെ ജവാന്‍മാര്‍ അഞ്ചു ഭീകരരെ വധിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്‌ക്കിടെ ഭീകരരുടെ നാലാമത്തെ നുഴഞ്ഞ് കയറ്റമാണ് ഭാരത സൈന്യം പരാജയപ്പെടുത്തുന്നത്. നുഴഞ്ഞുകയറ്റം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷയ്‌ക്കായി കൂടുതല്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ചില സാഹചര്യങ്ങളില്‍ ഭീകരവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ അവര്‍ തന്നെ അനുഭവിക്കേണ്ടിവരുന്നു. അതേസമയം നുഴഞ്ഞു കയറ്റത്തിന് ശ്രമിക്കുന്ന ഭീകരരെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ നല്ലത് അവരെ വധിക്കുന്നതാണ്. കാരണം പാക്കിസ്ഥാന്‍ നരകത്തിന് തുല്യമാണ് – പരീക്കര്‍ പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ 671 നുഴഞ്ഞുകയറ്റ ശ്രമങ്ങളും 738 ഭീകരാക്രമണങ്ങളുമാണ് ജമ്മുകശ്മീരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തത്. 2013 നും 2016 നുമിടക്ക് 141 ഭീകരരും 64 സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
അതിനിടെ, സംഘര്‍ഷ വിഷയങ്ങളില്‍ ചര്‍ച്ചക്കായി തിങ്കളാഴ്ച പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് ചൗധരി ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിനെ ക്ഷണിച്ചിരുന്നു. ജൂലൈ എട്ടിന് കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പാക്കിസ്ഥാനുമായുള്ള തുറന്ന പോരിന് തുടക്കം കുറിച്ചത്.
















