ചെന്നൈ: തമിഴ്ചലച്ചിത്രഗാന രചയിതാവ് നാ. മുത്തുകുമാര്‍ (41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
ആയിരത്തിലേറെ സിനിമാ ഗാനങ്ങളും കവിതകളും നോവലുകളും എഴുതിയിട്ടുണ്ട്. ഉത്തരാ ഉണ്ണിക്കൃഷ്ണന്‍ പാടി ഏറെ പ്രസിദ്ധമായ അഴകേ, അഴകേ എന്ന ഗാനം മുത്തുകുമാറിന്റേതാണ്.
ദൂസിഗൈ, പട്ടാംപൂച്ചി വിര്‍പവന്‍, ന്യൂട്ടനില്‍ മൂന്റ്‌റാംവിധി, ആനാ ആവനാ എന്നിവയാണ് കവിതാ സമാഹാരങ്ങള്‍. സില്‍ക് സിറ്റിയാണ് നോവല്‍.
സ്വന്തം പിതാവുമായുളള ബന്ധത്തെക്കുറിച്ചെഴുതിയ അനിലാടും മൂന്ററില്‍ എന്ന പ്രബന്ധം ഏറെ ശ്രദ്ധ നേടി.
കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ പോലെ പ്രണയത്തിന് എക്കാലവും ചേരുന്ന നിറം നല്‍കിയും ചിലപ്പോഴൊക്കെ സിരുതൈയിലെ പോലെ ഹൃദയസ്പര്‍ശിയായ താരാട്ടായും മുത്തുകുമാറിന്റെ വരികള്‍ പ്രേക്ഷകനിലേക്ക് ഒഴുകിയെത്തി.
ചലച്ചിത്രമേഖലയില്‍ നിന്നുളള നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
















