കൊല്‍ക്കത്ത: രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് പോലെയുള്ള ഭീകര സംഘടനകളുടെ സ്വാധീനത്തെ നേരിടാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഏജന്‍സി (എന്‍ഐഎ)യിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകള്‍ പഠി
ക്കുന്നു.
പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ ഖാഗ്രാഗില്‍ 2014 ലുണ്ടായ സ്‌ഫോടനമാണ് എന്‍ഐഎയെ ഭാഷാ പഠനത്തിന് പ്രേരിപ്പിച്ചത്. സ്‌ഫോടനത്തിന്റെ അന്വേഷണ ഉത്തരവാദിത്തം എന്‍ഐഎയ്‌ക്കായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ ഉര്‍ദു, അറബിക്, പേര്‍ഷ്യന്‍ ഭാഷകളിലായിരുന്നതിനാല്‍ വസ്തുതകള്‍ മനസ്സിലാക്കുക ബുദ്ധിമുട്ടായി. അതെന്താണെന്ന് മനസ്സിലാക്കിയെടുക്കാന്‍ ഭാഷാവിദഗ്ധരെ അന്വേഷിച്ചു നടക്കേണ്ടി വന്നപ്പോഴാണ് ഈ ഭാഷകളില്‍ അധിക ജ്ഞാനം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നത് തിരിച്ചറിഞ്ഞതെന്ന് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭാഷ പരിശീലിപ്പിക്കാന്‍ സംവിധാനമൊരുക്കണമെന്ന് എന്‍ഐഎയുടെ കൊല്‍ക്കത്ത എസ്പി വിക്രം ഖലാട്ടെ കൊല്‍ക്കത്ത സര്‍വ്വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇംഗ്ലീഷും ഹിന്ദിയും അവരവരുടെ മാതൃഭാഷയും മാത്രമേ ഉദ്യോഗസ്ഥര്‍ക്ക് വശമുള്ളൂ. ഉര്‍ദുവും അറബികും പഠിക്കുന്നതോടെ ഭീകരരുടെ ആശയവിനിമയോപാധി മനസ്സിലാക്കിയെടുക്കാനാവും. ഭീകരര്‍ ഉപയോഗിക്കുന്നത് ഏറെയും ഈ രണ്ട് ഭാഷകളാണ്.
















