ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം ഭാവിയിൽ സ്വതന്ത്രമാകാൻ പോകുന്ന കശ്മീരിന് സമർപ്പിക്കുന്നുവെന്ന് ഭാരതത്തിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. പാക്കിസ്ഥാൻ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ശനിയാഴ്ച ദൽഹിയിൽ നടന്ന പരിപാടിക്കിടെയാണ് ഹൈക്കമ്മീഷണർ വിവാദപരമായ പ്രസ്താവന നടത്തിയത്.
പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനു ശേഷമാണ് പാക് ഹൈക്കമ്മീഷണറുടെ പ്രകോപനപരമായ പ്രസ്താവന പുറത്ത് വന്നത്. നേരത്തെ കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ പ്രസംഗിക്കവെ പ്രധാനമന്ത്രി അധിനിവേശ കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇതിനു പുറമെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിര്‍ത്തികടന്നുള്ള ഭീകരവാദവും നുഴഞ്ഞു കയറുന്ന ഭീകരര്‍ക്കുള്ള സഹായവും പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും കാഷ്മീരിലെ സാധാരണ ജീവിതത്തെയാണ്ഭീകരവാദം ബാധിച്ചതെന്നും മോദി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
















