ചെന്നൈ: ഭാരതം കടലില്‍ നടത്തുന്ന‘ഏറ്റവും വലിയ തെരച്ചിലിലാണ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍. 29 വ്യോമസേനാംഗങ്ങളുമായി ജൂലൈ 22ന് കാണാതായ എഎന്‍ 32 വിമാനത്തിനു വേണ്ടി വിമാനങ്ങള്‍ 220 തവണ കടലിനു മുകളില്‍ വട്ടമിട്ടു പറന്നുകഴിഞ്ഞു.
ഉപരിതലത്തില്‍ ഇപ്പോള്‍ ഒരവശിഷ്ടവും കാണാനില്ല. ഇനി കടലിന്റെ അടിത്തട്ട് അരിച്ചുപെറുക്കാനുള്ള ശ്രമത്തിലാണ് വ്യോമസേന. ചെന്നൈയില്‍ നിന്ന് പോര്‍ട്ട്ബ്‌ള യറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണായത്. വിമാനങ്ങള്‍ ആയിരത്തിലേറെ മണിക്കൂറുകള്‍ തെരച്ചില്‍ നടത്തി. 28 കപ്പലുകളും ഒരു മുങ്ങിക്കപ്പലുമാണ് ഒരു ഘട്ടത്തില്‍ തെരച്ചിലിന് നിയോഗിച്ചിരുന്നത്.
ഇതിനിടെ 24 ഇലക്‌ട്രോണിക് സിഗ്‌നലുകള്‍ ലഭിച്ചെങ്കിലും അവയില്‍ ഒന്നു പോലും ഈ വിമാനത്തിന്റെയായിരുന്നില്ല. ഇപ്പോള്‍ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ സാഗര്‍ നിധിയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സമുദ്ര രത്‌നാകറുമാണ് കടലിന്റെ അടിത്തട്ട് പരിശോധിക്കുന്നത്.
ഇവയിലെഎക്കോ സൗണ്ടറുകള്‍ക്ക് കടല്‍ത്തട്ടിലെ വസ്തുക്കളുടെ ചിത്രമെടുക്കാന്‍ കഴിയും. കടലിനടിയില്‍ 150 അടി ആഴത്തില്‍ വരെയുള്ള വസ്തുക്കളെ കണ്ടെത്താന്‍ കഴിയുന്ന തരം സോനാറുകളാണ് മറ്റൊരു ഉപകരണം. എന്തെങ്കിലും കണ്ടെത്തിയാല്‍ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ റോബോട്ടുകളെ അയച്ച് 3500 മീറ്ററില്‍ താഴെയുള്ള അവശിഷ്ടങ്ങള്‍ പോലും എടുക്കാന്‍ കഴിയും.
















