മുംബൈ:ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ അപമാനിക്കപ്പെട്ട സാഹചര്യം കണക്കിലെടുത്ത് ഷാരൂഖ് ഖാൻ എത്രയും വേഗം ഭാരതത്തിലേക്ക് മടങ്ങി വരണമെന്ന് ശിവസേന. രാജ്യസ്നേഹം കാണിക്കാനായിട്ടെങ്കിലും ഷാരൂഖ് ഭാരതത്തിലേക്ക് മടങ്ങി വരണമെന്ന് മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തില്‍ ശിവസേന വ്യക്തമാക്കുന്നു.
ഷാരൂഖ് ഖാൻ മടങ്ങി വരാൻ തീരുമാനിച്ചിരുന്നുവെങ്കിൽ അത് അമേരിക്കയുടെ മുഖത്തടിക്കുന്നത് പോലെയാകുമായിരുന്നുവെന്നും സേന പറയുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഷാരൂഖിനെ സുരക്ഷാ കാരണങ്ങളാല്‍ തടഞ്ഞുവച്ചത്.
യുഎസിലെ പ്രധാന വിമാനത്താവളങ്ങളിലും ഷാരൂഖിന് ഇതൊരു പതിവു സംഭവമായിരിക്കുകയാണ്. എന്നിട്ടും ഇപ്പോഴും സഹിഷ്ണുതയുള്ള നടന്‍ ഒരോ തവണയും അപമാനിതനാവാന്‍ യുഎസിലേക്ക് പോകുകയാണ്. മുസ്ലീങ്ങളെ ഭീകരായി കാണുന്ന യുഎസ് മുഖത്തേല്‍ക്കുന്ന അടിയായിരിക്കും അതെന്നും മുഖപത്രത്തില്‍ പറയുന്നു.
വെള്ളിയാഴ്ച ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ വച്ചാണ് ഷാരൂഖിനെ അധികൃതര്‍ തടഞ്ഞുവച്ചത്. സംഭവമറിഞ്ഞയുടന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷ ബിസ്വാള്‍ ക്ഷമാപണം നടത്തിയിരുന്നു. 2012ലും 2009ലും സമാനമായ രീതിയിൽ ഷാരൂഖിനെ അമേരിക്കയിലെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചിരുന്നു.
















