തുറവൂര്‍: കുത്തിയതോടിന്റെ വികസനത്തിനായി കേരള വ്യാപാര വ്യവസായി ഏകോപന സമിതി കുത്തിയതോട് യൂണിറ്റ് പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്ന് വ്യാപാര ദിനമായി ആചരിക്കുന്നതോടപ്പം സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് സി.കെ. വാസുദേവ പണിക്കര്‍, സെക്രട്ടറി കെ.കെ. ചിദംബരന്‍, ട്രഷറര്‍ കെ.കെ. ലത്തീഫ് എന്നിവര്‍ പറഞ്ഞു.
കുത്തിയതോട് താലൂക്ക് രൂപീകരിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പെടുത്തിരുന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി. കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് സ്ഥലം വിട്ടുനല്‍കാന്‍ തയാറായിട്ടും കുത്തിയതോട്ടില്‍ സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുളള തടസങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ പറഞ്ഞു.
പഴയ ചൗക്ക പ്രവര്‍ത്തിച്ചിരുന്ന കുത്തിയതോടിനു പടിഞ്ഞാറെ ഭാഗത്തുളള സ്ഥലം ഏറ്റെടുത്ത് കുത്തിയതോട് റേഞ്ച് എക്‌സൈസ് ഓഫീസ് കെട്ടിടം നിര്‍മിക്കുക, കുത്തിയതോട് മാര്‍ക്കറ്റില്‍ ലേലം നടത്തി മത്സ്യം, ഇറച്ചി വില്പനകള്‍ പുന:സ്ഥാപിക്കുക, രാജഭരണകാലം മുതലുളള കുത്തിയതോട് വ്യാപാര കേന്ദ്രത്തിന്റെ പുരോഗതിക്കായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.
















