വിജയവാഡ: കൃഷ്ണ ജില്ലയിലെ ഘണ്ടശാലയില്‍ ബുദ്ധമതത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി. ഇവിടെ നിന്ന് കണ്ടെത്തിയ ചുണ്ണാമ്പുകല്ലില്‍ ബുദ്ധന്റെ രൂപമുണ്ടെന്നാണ് ചരിത്ര പര്യവേഷകനായ ഇ. ശിവനാഗി റെഡ്ഡി പറയുന്നത്. ജില്ലാ പരിഷത് ഹൈസ്‌കൂളിന് പിന്നിലെ എര്‍ണമ്മ പല്ലു ദിബ്ബയിലാണ് ചുണ്ണാമ്പുകല്ല് കണ്ടത്.
ഇതിന് പുറമെ ചുണ്ണാമ്പ് കല്ലില്‍ത്തീര്‍ത്ത ചില തൂണുകളും കണ്ടെത്തി. ഇവയില്‍ അര്‍ദ്ധാകൃതിയിലുളള താമരയും കാണാം.
എഡി മൂന്നാം ശതകത്തില്‍ നിലനിന്നിരുന്ന ശില്‍പ്പകലയാണിത്. ഇക്ഷ്വാകു രാജവംശ കാലത്ത് ഇവിടെ ബുദ്ധമതം പ്രചാരത്തിലുണ്ടായിരുന്നു എന്നതിന്റെ സൂചനയാണിത്. മഹാസ്തൂപം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വേണ്ടി ഇവര്‍ നിര്‍മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഭാഗങ്ങളാണ് ഇവയെന്നും ഇതില്‍ സൂചനയുണ്ട്. ബുദ്ധചിത്രണവും മറ്റും അതിന്റെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്. ഈ അവശേഷിപ്പുകള്‍ ഘണ്ടശാലയിലെ മ്യൂസിയത്തിലേക്ക് മാറ്റി സുരക്ഷിതമാക്കണമെന്ന് റെഡ്ഡി അധികൃതരോട് ആവശ്യപ്പെട്ടു.
















