ന്യൂദല്‍ഹി: സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഇസ്ലാമാബാദിലേക്ക് പോകുന്ന കാര്യത്തില്‍ മാറ്റമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ഭാരതീയ സൈന്യം കൊലപ്പെടുത്തിയതില്‍ വന്‍ പ്രതിഷേധങ്ങളാണ് പാക്കിസ്ഥാനില്‍ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ സുരക്ഷസംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം പാക്കിസ്ഥാനാണുള്ളത്. ഞായറാഴ്ച ലാഹോറില്‍ നടന്ന റാലിയ്‌ക്കിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയിദ് സലാഹുദ്ദീന്‍ രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു.
കശ്മീരിലെ ആക്രമണങ്ങള്‍ക്ക് കാരണക്കാരായ ഭാരതീയ നേതാക്കളെ പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സയിദ് വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ ഭരണകൂടം സലാഹുദ്ദീന്റെ ഭീഷണിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സാര്‍ക് ഉച്ചകോടിക്ക് ഭാരതം ഏറെ പ്രതീക്ഷയാണര്‍പ്പിക്കുന്നത്.
കശ്മീരിലടക്കം പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിക്കുന്ന അന്താരാഷ്‌ട്ര വേദി എന്ന നിലയിലായിരിക്കും ഭാരതം സാര്‍ക് സമ്മേളനത്തെ ഉപയോഗിക്കുക. കശ്മീരിലെ തീവ്രവാദ ശ്രമങ്ങളെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശവും ഭാരതം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഭാരതവും പാക്കിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്നാണ് വ്യക്തമാകുന്നത.് പത്താന്‍കോട്ട് ആക്രമണം, ജമ്മു കശ്മീര്‍ സംഘര്‍ഷം എന്നീ പ്രശ്‌നങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഭാരതത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് പാകിസ്താനിലേക്ക് പോകുന്നത്.
പത്താന്‍കോട്ട് ആക്രമണ അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയേക്കുമെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
















