ന്യൂദൽഹി: രാഷ്‌ട്ര സേവികാ സമിതിയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഔട്‌ലുക് വാരികയും റിപ്പോർട്ടടിസ്ഥാനമാക്കി പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാക്കളും ഉടൻ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി കൈക്കൊള്ളുമെന്ന് രാഷ്‌ട്ര സേവികാ സമിതി പ്രമുഖ് കാര്യവാഹിക അന്നദാനം സീത വാർദ്ധയിൽ പത്രക്കുറിപ്പിൽ മുന്നറിയിപ്പു നൽകി.
സാമൂഹ്യ ക്ഷേമം ലക്ഷ്യമിട്ട് രാജ്യത്ത് 80 വർഷമായി വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന സംഘടന പൂർണ്ണമായും നിയമവിധേയമായിത്തന്നെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് വക്താവ് പ്രിയങ്കാ ചതുർവേദിയും ശോഭാ ഓജയും അടിസ്ഥാനമില്ലാത്ത റിപ്പോർട്ട് വായിച്ച് ഉത്തരവാദിത്തമില്ലാത്ത ആരോപണമാണ് സംഘടനയ്‌ക്കെതിരേ നടത്തിയത്, അന്നദാനം സീത വിശദീകരിച്ചു.
ഔട്‌ലുക് വാരികയിൽ രാഷ്‌ട്ര സേവികാ സമിതിയെക്കുറിച്ച് വന്ന വാർത്ത ആധാരമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സമിതി നടത്തുന്ന എല്ലാ ഹോസ്റ്റലുകളും നിയമ വിധേയവും സൂക്ഷ്മ നിരീക്ഷണ-മേൽനോട്ടങ്ങളുള്ളതുമാണ്, സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
അതിനാൽ, എഐസിസി വക്താവ്, തെറ്റായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഔട്‌ലുക് വാരിക, ലേഖിക നേഹാ ദീക്ഷിത് എന്നിവരുടെ പ്രവൃത്തിയെ അപലപിക്കുന്നു.
വാരികയും എഐസിസിയും പുറത്തുവിട്ട വിവരങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. ദേശസ്‌നേഹ ബോധം വർദ്ധിപ്പിച്ചും സ്വഭാവി ശുദ്ധി വളർത്തിയും, 80 വർഷമായി രാഷ്‌ട്രീയ സേവികാ സമിതി നടത്തുന്ന നിസ്വാർത്ഥ ക്ഷേമ പ്രവർത്തനങ്ങളെ ഇകഴ്‌ത്തിക്കാട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. അതിനാൽ ഈ സാഹചര്യത്തിൽ വാരികയും നേതാക്കളും സമിതിയോട് അടിയന്തരമായി നിരുപാധികം മാപ്പു ചോദിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി പ്രമുഖ് കാര്യവാഹിക അന്നദാനം സീതാ മുന്നറിയിപ്പു നൽകി.
















