ന്യൂദൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ച് വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മന്‍ കി ബാതിന്റെ ഇരുപത്തിരണ്ടാമത്തെ എഡീഷനിൽ സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്തെ സൈബർ ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് പരാമർശിച്ചത്.
ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങളിലൂടെയുള്ള കബളിപ്പിക്കലുകൾ രാജ്യത്ത് വര്‍ധിച്ചു വരികയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണെമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇതിനു പുറമെ മുൻ രാഷ്‌ട്രപതി അബ്ദുൾ കലാമിനെ ഓർമ്മിച്ച് കൊണ്ട് അദ്ദേഹം സംസാരിച്ചു.
മുൻ രാഷ്‌ട്രപതിയെക്കുറിച്ച് ഓർക്കുമ്പോൾ നമ്മള്‍ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയുമൊക്കെ ഓര്‍ക്കുന്നുവെന്നു പറഞ്ഞ മോദി, വരും നാളുകളില്‍ സാങ്കേതിക വിദ്യയുടെ ചിറകിലേറി മുന്നോട്ടു പായുന്ന ഭാരതമായിരിക്കും നമുക്ക് കാണാന്‍ കഴിയുകയെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിക്കുന്നതിനു ജനം മുന്‍കൈയെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അത് വരും തലമുറകള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.
















