ന്യൂദൽഹി: ലോകത്തിന്റെ ഹൃദയം കീഴടക്കാൻ ഭാരതത്തിന്റെ അത്‌ലറ്റുകൾക്കാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഭാരതത്തിൽ നിന്നുമുള്ള കായിക താരങ്ങൾക്ക് ആശംസയർപ്പിച്ചു കൊണ്ടുള്ള ‘റണ്‍ ഫോര്‍ റിയോ’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. ദല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തിലായിരുന്നു പരിപാടി.
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ വിശ്വാസം. ഇതിനു പുറമെ അടുത്ത ഒളിമ്പിക്‌സിനു ഇന്ത്യയ്‌ക്ക് 200ലധികം അത്‌ലറ്റുകളെ അയക്കാനാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
ഇത്തവണ കായിക താരങ്ങള്‍ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തുന്നതിനായി കഠിനമായി പരിശ്രമിച്ചിട്ടുണ്‌ടെന്നും അത് ഫലപ്രാപ്തിയിലെത്തുമെന്നാണ് തന്റ വിശ്വാസമെന്നും മോദി പറഞ്ഞു. 20,000ലേറെ വിദ്യാര്‍ഥികളാണ് റണ്‍ ഫോര്‍ റിയോ പരിപാടില്‍ പങ്കെടുക്കുന്നത്.
















