മുംബൈ: ഔറംഗാബാദ് ആയുധക്കടത്ത് കേസില്‍ ലഷ്‌കറെ തൊയ്ബ ഭീകരന്‍ അബു ജുന്‍ഡാല്‍ എന്ന സെയ്ദ് സബിയുദ്ദീന്‍ കുറ്റ ക്കാരനെന്ന് മുംബൈ മകോക്ക കോടതി (മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്) ഉത്തരവിട്ടു.
കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 12 പേര്‍കൂടി കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എട്ടുപേരെ വെറുതെ വിട്ടു. ഒരാള്‍ മാപ്പുസാക്ഷിയായി. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്.
26/11 മുംബൈ ഭീകരാക്രമണത്തിലും ജുന്‍ഡാല്‍ കുറ്റക്കാരനാണ്. കൂടാതെ 2002ല്‍ ഗുജറാത്ത് കലാപത്തിനുശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയേയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെയും വധിക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നതായും മകോക്ക കോടതി കണ്ടെത്തിയിട്ടുണ്ട്.
2006 മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഔറംഗാബാദ് ചിന്ദ്വാദ്- മന്‍മദ് ഹൈവേയിലൂടെ രണ്ടു കാറുകളില്‍ മാരകായുധങ്ങള്‍ കടത്തുന്നതിനിടെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേന ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തെരച്ചിലില്‍ 30 കിലോ ആര്‍ഡിഎക്‌സും, 10 എകെ 47 തോക്കുകളും, 3200 ബുള്ളറ്റുകളും അന്വേഷണസംഘം കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം മറ്റൊരു കാറിലായിരുന്ന ലഷ്‌കര്‍ നേതാവ് ജുന്‍ഡാല്‍ കടന്നുകളഞ്ഞതിനാല്‍ അന്ന് പിടികൂടാനായില്ല. ഇയാള്‍ പിന്നീട് ബംഗ്ലാദേശിലേക്കും അവിടെ നിന്നും പാക്കിസ്ഥാനിലേക്കും ഒളിച്ചുകടന്നതായാണ് റിപ്പോര്‍ട്ട്.
2012ല്‍ ജുന്‍ഡാല്‍ സൗദി അറേബ്യയിലേക്ക് കടന്നു. അവിടെവെച്ച് അറസ്റ്റിലായ ഇയാളെ സൗദി പോലീസ് ഭാരതത്തിന് കൈമാറുകയായിരുന്നു.
2006ല്‍ ആരംഭിച്ച ഔംറംഗാബാദ് ആയുധക്കടത്ത് കേസുമായി ബന്ധപ്പെട്ട് 22 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 100 സാക്ഷികളെ വിചാരണക്കായി ഹാജരാക്കുകയും ചെയ്തിരുന്നു. അതിനിടെ കേസില്‍ പ്രതിയായ ഒരാള്‍ മകോക്ക നിയമത്തിന്റെ ഭരണഘടനാസാധ്യതയെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഇതിന്റെ വിചാരണ സുപ്രീംകോടതി താത്കാലികമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. അതിനുശേഷം 2009ലാണ് സ്‌റ്റേ നീക്കം ചെയ്ത് വിചാരണ പുനരാരംഭിക്കുന്നത്.
2013 ആഗസ്റ്റില്‍ കേസിന്റെ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റി. കേസ് വിസ്താരം വേഗത്തിലാക്കണമെന്ന് മുംബൈ ഹൈക്കോടതി കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
















