ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലൂടെ ഭാരത അതിര്‍ത്തിയിലേയ്‌ക്ക് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്താന്‍ ശ്രമിച്ചെന്ന വാര്‍ത്തയെ തള്ളി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചൈനീസ് സൈന്യം ഉത്തരാഖണ്ഡിലൂടെ കടന്നുകയറാന്‍ ശ്രമിച്ചിട്ടില്ലെന്നും മറിച്ച് അതൊരു അബദ്ധം മാത്രമായിരുന്നെന്നും പരീക്കര്‍ വ്യക്തമാക്കി. ചമോലിക്കടുത്ത് ചൈനീസ് അതിക്രമം നടന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ചൈന ഏതാണ്ട് 200 മീറ്ററോളം അതിക്രമിച്ചെന്നും പ്രതിപക്ഷം പരാമര്‍ശിച്ചു.
അബദ്ധത്തിലുള്ള അതിര്‍ത്തി ലംഘനം മാത്രമായിരുന്നു അത്. ഭാരത-ചൈന അതിര്‍ത്തി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ഇരുപക്ഷത്തിനും വ്യത്യസ്ത അതിര്‍ത്തിരേഖകളാണുള്ളതെന്നും ഇത്തരത്തിലുള്ള ഒരു പ്രദേശമാണ് ഉത്തരാഖണ്ഡെന്നും പരീക്കര്‍ പറഞ്ഞു. ചൈനയുടെ ഈ അബദ്ധം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ജാഗ്രത പാലിക്കാന്‍ സൈന്യത്തിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അറിയിച്ചു.
പ്രദേശത്തെ കനാല്‍ പ്രദേശത്തേക്ക് ചൈനീസ് സൈന്യം എത്താത്തത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഭാരത-ചൈന സൈനികര്‍ ഒരു മണിക്കൂറോളം മുഖാമുഖം നിന്നെന്നും പിന്നീടു പിന്മാറിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 80 ചതുരശ്ര കിലോമീറ്ററോളം വരുന്ന പ്രദേശത്താണ് ചൈനീസ് സൈന്യം അതിക്രമിച്ചുകടന്നത്.
ഇരു രാജ്യങ്ങളും തങ്ങളുടെ പ്രദേശമാണിതെന്ന് അവകാശവാദം നടത്തുന്ന സ്ഥലമാണിത്. ചൈനയുമായി 350 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഉത്തരാഖണ്ഡ് പങ്കിടുന്നത്.
















