ടി.എം. കൃഷ്ണ, ബെസ്‌വാദ വില്‍സണ്‍
ന്യൂദല്‍ഹി: ഏഷ്യയുടെ നോബല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ അവാര്‍ഡിന് രണ്ട് ഭാരതീയര്‍ അര്‍ഹരായി. തമിഴ്‌നാട് സ്വദേശിയായ പ്രമുഖ കര്‍ണ്ണാടകസംഗീതഞ്ജന്‍ ടി.എം കൃഷ്ണ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബെസ്‌വാദ വില്‍സണ്‍ എന്നിവരാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിന് അര്‍ഹരായവര്‍.
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് രമണ്‍ മാഗ്‌സസെയുടെ ഓര്‍മ്മക്കായി ഫിലിപ്പീന്‍സ് സര്‍ക്കാറാണ് മാഗ്‌സസെ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മ്മചാരി ആന്ദോളന്‍ നേതാവാണ് കര്‍ണ്ണാടക സ്വദേശിയായ ബെസ് വാദ വില്‍സണ്‍. തോട്ടിപ്പണി നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയാണദ്ദേഹം. സാംസ്‌കാരിക മേഖലക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ചെന്നൈ സ്വദേശിയായ ടിഎം കൃഷ്ണ പുരസ്‌ക്കാര ജേതാവായത്. കര്‍ണ്ണാടകസംഗീതത്തിലെ യുവതലമുറയിലെ ശ്രദ്ധേയ സാന്നിധ്യമാണ് ടി.എം കൃഷ്ണ.
പ്രശസ്ത സംഗീതഞ്ജന്‍ ശെമ്മാങ്കുടിയുടെ ശിഷ്യനായ ടി.എം കൃഷ്ണ സംഗീത സംബന്ധിയായ ഗ്രന്ഥങ്ങളുടെ രചനയിലും അധ്യാപന രംഗത്തും കഴിവു തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.
















