ന്യൂദല്‍ഹി: എംബിബിഎസ് ജയിച്ചിറങ്ങുന്നവരില്‍ നല്ലൊരു പങ്കിനും നിലവാരമില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എംബിബിഎസ് പഠിച്ച് പാസായവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഏതാനും മാസം മുന്‍പ് ഇത്തരമൊരു നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരെല്ലാം ഈ പരീക്ഷ എഴുതി നിര്‍ദ്ദിഷ്ട മാര്‍ക്ക് വാങ്ങേണ്ടിവരും.
ഈ പരീക്ഷ പാസാകാത്തവര്‍ക്ക് ചികില്‍സിക്കാന്‍ കഴിയില്ല. മെഡിക്കല്‍ രംഗത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്ന വിപുലമായ പരിഷ്‌ക്കാരങ്ങളുടെ ഭാഗമായാണ് ഇതും നടപ്പാക്കുന്നത്.നിതി ആയോഗ് നിയോഗിച്ച ഉന്നതാധികാര സമിതിയാണ് പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിതി ആയോഗ് അധ്യക്ഷന്‍ അരവിന്ദ് പനാഗരിയ, പ്രധാനമന്ത്രിയുടെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര, നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാബ് കാന്ത് എന്നിവരാണ് സമിതിയിലുള്ളത്.
മെഡിക്കല്‍ കൗണ്‍സില്‍ പരിച്ചുവിട്ട് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരിക്കണമെന്നാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. ഈ കമ്മീഷനിലും ഇതുമായി ബന്ധപ്പെട്ട നാലു ബോര്‍ഡുകളിലും വിദഗ്ധ ഡോക്ടര്‍മാരായിരിക്കും അംഗങ്ങള്‍. ഉന്നതാധികാര സമിതിയാകും ഇവരെ നിയമിക്കുക. നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി എടുത്തുകളയും. വൈദ്യ വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും കമ്മീഷന്റെ നിയന്ത്രണത്തിലാകും.
















