മുംബൈ: മുംബൈയിലുൾപ്പെടെ രാജ്യത്തെമ്പാടും 800 മതപരിവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ റിസ്വാൻ ഖാനെന്ന് അന്വേഷണോദ്യോഗസ്ഥർ. കേരള പോലീസിന്റെ പ്രത്യേകാനേ്വഷണ സംഘവും മുംബൈ പോലീസും സംയുക്തമായാണ് ഐഎസ് ബന്ധം വ്യക്തമായ അർഷിദ് ഖുറേഷിയേയും സഹായി റിസ്വാൻ ഖാനെയും പിടികൂടിയത്.
രണ്ടു പേരും ഇസ്ലാമിക തീവ്രമതപ്രഭാഷകൻ സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐആർഎഫ്) പ്രവർത്തകരാണ്. റിസ്‌വാൻ ഖാനിൽനിന്ന് ഒട്ടേറെ വിവാഹ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇവർ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയ 800-ൽ അധികം പേരിൽ ഹിന്ദു, ക്രിസ്ത്യൻ മത വിഭാഗത്തിൽപെട്ടവരുണ്ട്.
റിസ്വാൻ ഒരു വിവാഹ സഹായ ബ്യൂറോ നടത്തിയിരുന്നുവെന്നല്ലാതെ നിർബന്ധിത മത പരിവർത്തനം നടത്തിയിരുന്നില്ലെന്ന് വിശദീകരിച്ചെങ്കിലും ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായതായി പോലീസ് പറയുന്നു. അറസ്റ്റിലായവർ വലിയൊരു മതപരിവർത്തന സംഘത്തിന്റെ ഭാഗമാണ്.
നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ കൂടാതെ രണ്ട് സ്ഥാപനങ്ങൾകൂടി ഇവരുടെ ഇടപാടുകളിലുണ്ട്. ഐആർഎഫ് ഈ മതംമാറ്റ ഇടപാടു നടത്തുന്ന സ്ഥാപനങ്ങളുടെ മാതൃ സ്ഥാപനമാണ്. കോളേജുകളിലും ജയിലുകളിലും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഇവിടങ്ങളിൽ ധനസഹായം ആവശ്യമുള്ളവർക്ക് പണം നൽകി പകരം പരിവർത്തനം നടപ്പാക്കുകയാണ്. ഈ കാര്യത്തിൽ കൂടുതൽ വിശാലമായ അന്വേഷണം ആവശ്യമാണെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
















