ന്യൂദൽഹി: പാർലമെന്റ് ദൃശ്യങ്ങൾ പകർത്തി നവമാധ്യമത്തിലൂടെ പ്രചരിപ്പിച്ച എഎപി എംപി ഭഗവന്ത് മാനിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നൽകി. ഇക്കാര്യം ചർച്ച ചെയ്യാനായി ലോക്സഭ സ്പീക്കർ സുമിത്രാ മഹാജൻ യോഗം വിളിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ചെയ്ത തെറ്റിന് ഭഗവന്ത് മാൻ പാർലമെന്റിൽ സ്പീക്കർക്ക് കത്ത് മുഖാന്തരം ക്ഷമാപണം നടത്തിയിരുന്നു. അശ്രദ്ധമൂലം അബദ്ധം സംഭവിച്ചതാണെന്നും ഇത് ചട്ട വിരുദ്ധമാണെന്ന് അറിയില്ലായിരുന്നു എന്നാണ് മാൻ തന്റെ കത്തിൽ എഴുതിയിരുന്നത്. എന്നാൽ സ്പീക്കർ ഈ കത്ത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി താമസ സ്ഥലമായ സൗത്ത് അവന്യൂവിൽ നിന്നും പാർലമെന്‍റിലേക്കുള്ള യാത്ര വീഡിയോയിലാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങളിൽ പാർലമെന്റ് മന്ദിരങ്ങൾക്ക് നൽകുന്ന സുരക്ഷാ സന്നാഹങ്ങളുടെ ചിത്രങ്ങൾ വളരെ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്.
















