ചെന്നൈ: കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിനുവേണ്ടിയുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം കാലാവസ്ഥ മോശമായതിനെ തുടർന്ന് വ്യോമ-നാവിക സേനാംഗങ്ങളുടെ തിരച്ചിൽ താത്‌കാലികമായി നിർത്തിവെച്ചിരുന്നു.
വിമാനത്തിനായി 18 പടക്കപ്പലുകളും 10 വിമാനങ്ങളുമാണ് 24 മണിക്കൂറും കടലിൽ തിരച്ചിൽ നടത്തുന്നത്. ഐഎസ്ആര്‍ഒയുടെ റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്) തിരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. മേഘങ്ങള്‍ക്കിടയിലൂടെ കാണാനും രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താനും റിസാറ്റിന് കഴിയും. തിരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പോര്‍ട്ട്ബ്ളയര്‍ തീരത്തും തെരച്ചില്‍ നടത്തുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടിനാണ് 29 യാത്രക്കാരുമായി ചെന്നൈയിലെ താംബരത്ത് നിന്നും പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ എ.എൻ32 വിമാനം കാണാതായത്. കര, നാവിക, തീരസംരക്ഷണ സേനകളിലെ ഒാരോ അംഗങ്ങളും അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും എട്ട് സിവിലിയൻമാരും ആറ് ജീവനക്കാരുമാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ വിമാനം 23,000 അടി ഉയരത്തിലായിരുന്നുവെന്ന് പറയുന്നു.
















