മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനം എൻസിപി നേതാവ് ശരദ് പവാർ രാജിവച്ചു. ജസ്റ്റിസ് ലോധ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ചുവടുപിടിച്ച് രാജി. എഴുപതു വയസ് കഴിഞ്ഞവർ ബിസിസിഐയിലെ ഭാരവാഹികളാകരുതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പവാർ ഒഴിയാൻ തീരുമാനിച്ചത്. നിർദേശങ്ങൾ നടപ്പാക്കുന്നതിന് ആറു മാസമാണ് കോടതി നൽകിയ കാലാവധി.
അതേസമയം, ഒരു അസോസിയേഷന് ഒരു വോട്ട് എന്ന നിർദേശം സ്വീകാര്യമെങ്കിലും നടപ്പാക്കുന്നതിന് ബിസിസിഐയുടെ മാർഗദർശനം വേണമെന്ന് ശരദ് പവാർ പറഞ്ഞു.
മഹരാഷ്‌ട്ര സംസ്ഥാനത്ത് മുംബൈ, മഹാരാഷ്‌ട്ര, വിദർഭ ക്രിക്കറ്റ് അസോസിയേഷനുകൾ. നിലവിലെ നിയമമനുസരിച്ച് മൂന്ന് അസോസിയേഷനുകൾക്കും വോട്ടുണ്ട്. ലോധ കമ്മറ്റിയുടെ നിർദേശം നടപ്പാക്കിയാൽ ഇത് ഒന്നായി ചുരുങ്ങും.
















