തിരുവനന്തപുരം : പത്തനംതിട്ട സ്വദേശിയും കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ലെഫ്റ്റനന്റ് ജനറല്‍ ചെറിഷ് മാത്സന്‍ സുദര്‍ശന്‍ ചക്ര കോര്‍പ്പ്്‌സ് മേധാവിയായി ചുമതലയേറ്റു. ലെഫ്. ജനറല്‍ പി.എസ്. മഹ്തയില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്.
1980ല്‍ ഗര്‍വ്വാള്‍ റൈഫിള്‍സില്‍ കമ്മീഷന്‍ ചെയ്ത അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ലെഫ.് ജനറല്‍ മാത്സന്‍ മിസോറാമിലെ മിസോ നാഷണല്‍ ഫ്രണ്ടി, അമൃത്സറിലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സൈനിക നീക്കങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ജമ്മു-കാശ്മീരിലെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ മേഖലയിലും സേനാവിഭാഗത്തെ നയിച്ചു. സിയാച്ചിന്‍ പര്‍വ്വതശിഖരത്തില്‍ രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രംമേധാവിയായിരുന്ന അദ്ദേഹം ഹൈദരാബാദിലെ ഇന്‍ഫന്ററി ഡിവിഷന്റെ മേധാവിയായും സ്‌പെഷ്യല്‍ അതിര്‍ത്തി സേനയുടെ മേധാവിയായും ന്യൂദല്‍ഹിയിലെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
















