തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഒഡീഷയില്‍ കേരളത്തിന്റെ വക കല്‍ക്കരി താപവൈദ്യുതിനിലയം. അയ്യായിരം കോടിരൂപ ഈ താപനിലയത്തില്‍ മുതല്‍ മുടക്കി ഇവിടെ നിന്ന് ആയിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് ഒഡീഷസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രോജക്ട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പദ്ധതിയുടെ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോട് ചീമേനിയില്‍ കല്‍ക്കരി താപനിലയം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും വമ്പിച്ച എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന് പുറത്ത് പദ്ധതി നടപ്പാക്കി വൈദ്യുതി എത്തിക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒഡീഷയില്‍ താപനിലയം സ്ഥാപിച്ച് വൈദ്യുതി കേരളത്തിലെത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായില്ല. അന്ന് വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സാങ്കേതികവും അല്ലാത്തതുമായ കാരണങ്ങളാല്‍ അവിടെ വൈദ്യുതി ഉത്പാദിപ്പിച്ച് ഇങ്ങോട്ടേക്ക് എത്തിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഏതാണ്ട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
ഇതുമൂലം ഒഡീഷയിലെ വൈതരണിയില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച കല്‍ക്കരി ബ്ലോക്ക് നഷ്ടപ്പെടുമെന്ന സാഹചര്യം വന്നു. ഇങ്ങനെ കല്‍ക്കരി ബ്ലോക്ക് നഷ്ടപ്പെടാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്.
കല്‍ക്കരി ഖനനം ചെയ്യാന്‍ ഒഡീഷ-കേരള സര്‍ക്കാരുകളുടെ സംയുക്തസംരംഭം നടപ്പിലുണ്ട്. ഇത് വിപുലീകരിച്ച് താപ ഊര്‍ജ നിലയം കൂടി സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന് ഒഡീഷ സര്‍ക്കാരും താത്പര്യമെടുക്കുന്നു. സര്‍ക്കാര്‍ തലങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉടനടി ആരംഭിക്കും. താപനിലയത്തിന്റെ സ്ഥാപിതശേഷി 3000 മെഗാവാട്ട് വരെയാകാം. ഇതില്‍ 1000 മെഗാവാട്ടാണ് കേരളത്തിന് വേണ്ടത്. ഒഡീഷയുമായി ധാരണയിലെത്തിയാല്‍ രണ്ടാഴ്ചയ്‌ക്കകം കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ലഭ്യമായ വിവരം.
















