മെഡിക്കല്‍ കോളേജിനായുള്ള കരുവാറ്റയിലെ നിര്‍ദ്ദിഷ്ട സ്ഥലം സംസ്ഥാന ജനറല്‍ സെക്രട്ടറി
ശോഭാ സുരേന്ദ്രന്‍ സന്ദര്‍ശിക്കുന്നു
ഹരിപ്പാട്: ഭൂമാഫിയ സംഘത്തിന്റെ സംരംഭമാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത കരുവാറ്റയിലെ നിര്‍ദ്ദിഷ്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇതിന്റെ നിജസ്ഥിതിയറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അതുകൊണ്ട് സ്ഥലമേറ്റെടുപ്പിനെപ്പറ്റിയുള്ള തട്ടിപ്പും ഇതേ തുടര്‍ന്നുള്ള വിവാദങ്ങളും അന്വേഷിക്കാന്‍ സര്‍വ്വകക്ഷി സംഘത്തെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജില്ലയില്‍ നിന്നും ജയിച്ചുപോയ മന്ത്രിമാരും ഇതിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം.
മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഏക്കറുകണക്കിന് തണ്ണിര്‍ത്തടം നികത്തി റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കുന്ന ശക്തികളെ തിരിച്ചറിയണം. അതോടൊപ്പം തന്നെ ഇതിനെതിരെ മിണ്ടാന്‍ കഴിയാത്ത ഇടതുപക്ഷത്തിന്റെ റോളും പുറത്തുകൊണ്ടുവരണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേന്ദ്രത്തിലെ എന്‍ഡിഎ ഗവണ്‍മെന്റ് ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനുവേണ്ടി 130കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് കാര്യമായ വികസനം നടത്തി പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ട ബാധ്യത സംസ്ഥാന ഗവണ്‍മെന്റിനുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജില്ലാ സെക്രട്ടറിമാരായ എം.വി. ഗോപകുമാര്‍, ജി. ജയദേവ്, ട്രഷറര്‍ കെ.ജി. കര്‍ത്ത, സംസ്ഥാന കമ്മറ്റിയംഗം സുമംഗലി മോഹനന്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറല്‍ സെക്രട്ടറി പ്രണവം ശ്രീകുമാര്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി റ്റി. മുരളി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍, ജനറല്‍ സെക്രട്ടറി എച്ച്. ഹര്‍ഷന്‍, ഷാജി കരുവാറ്റ, ജെ. ദിലീപ് എന്നിവരും പങ്കെടുത്തു.
















