പഴയങ്ങാടി: മാടായിപ്പാറയില്‍ വിവിധതരം പക്ഷികളുടെ പ്രജനനസമയമായതിനാലും പൂക്കളുടെ വിരിയല്‍ സമയമായതിനാലും പാറയില്‍ക്കൂടി തലങ്ങും വിലങ്ങുമുള്ള വണ്ടിയോട്ടവും മനുഷ്യസഞ്ചാരവും നിര്‍ത്തണമെന്ന് പരിസ്ഥിതി സമിതി പഞ്ചായത്തിനും ദേവസ്വം ബോര്‍ഡിനും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മഴക്കാലമായതിനാല്‍ കാക്കപ്പൂവ്, കൃഷ്ണപ്പൂവ്, വിവിധ തരം ചൂതുകള്‍, റെട്ടാല മലബാറിക്ക, വിഷ്ണുക്രാന്തി, കുഞ്ഞികോളാമ്പി തുടങ്ങിയ പൂക്കളുടെ വിരിയല്‍ സമയമാണ്. കൂടാതെ തിത്തിരിപ്പക്ഷികള്‍, വിവിധ തരം ലാര്‍ക്കുകള്‍ എന്നിവയുടെ പ്രജനനസമയവുമാണ്. വണ്ടികയറ്റലും വഴിയില്‍ കുടിയല്ലാതെയുള്ള ആള്‍ നടത്തവും കുട്ടികളുടെ കൂട്ടമായുള്ള പഠനസഞ്ചാരവും തല്‍ക്കാലം നിയന്ത്രിക്കണമെന്നും പാറയിലെ കമ്പിവേലി തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും അതിനായി താല്‍കാലിക വാച്ചര്‍മാരെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സമിതി നടത്തിയ ഒരു നിരീക്ഷണത്തില്‍ നിരവധി പക്ഷിമുട്ടകളാണ് തുറസ്സായ സ്ഥലങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. പാറനിരീക്ഷണത്തില്‍ ഭാസ്‌കരന്‍ വെള്ളൂര്‍, നിശാന്ത് കുളപ്രം, ചന്ദ്രാംഗതന്‍, ഹൃഷികേശ് കുഞ്ചു എന്നിവര്‍ പങ്കെടുത്തു.
















