കണ്ണൂര്‍: ഈ മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഇന്തോ-യുകെ ഉന്നത ആരോഗ്യ ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ ഡോ.സുദിന്‍ കുമാര്‍ പങ്കെടുക്കും. ആരോഗ്യ ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഡോ. സുദിന്‍ കുമാര്‍ ഹോമിയോപതിക് ചികിത്സാ മേഖലയെക്കുറിച്ചു പ്രസംഗിക്കും. കോഴിക്കോട് ജില്ലയിലെ വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയാണ് ഡോ.സുദിന്‍ കുമാര്‍. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഹോമിയോപതിയെക്കുറിച്ചു പ്രസംഗിക്കുന്ന ആദ്യത്തെ വ്യക്തിയായി ഈ മലയാളി ചരിത്രത്തിലിടം നേടുകയാണ്. ഹോമിയോപതിയുടെ പിതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ 261-ാം ജന്‍മദിനത്തോടനുബന്ധിച്ചു കഴിഞ്ഞ എപ്രിലില്‍ ജര്‍മനിയില്‍ നടന്ന ലോക ഹോമിയോപതിക് ഡോക്ടര്‍മാരുടെ ആഗോള സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 50 അംഗസംഘത്തെ നയിച്ചത് ഡോ. സുദിന്‍ കുമാറായിരുന്നു. ജര്‍മനിയിലെ ടോര്‍ഗോ നഗരത്തിലെ ഡോ.ഹാനിമാന്റെ വസതിയില്‍ നടന്ന സെനിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ ദേശീയ സെക്രട്ടറി ജനറലാണ്. ഹോമിയോപതിക് മെഡിക്കല്‍ പനോരമ എന്ന മെഡിക്കല്‍ ജേര്‍ണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്റെ സ്ഥാപക ട്രഷററായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പത്താം ബാച്ച് വിദ്യാര്‍ഥിയാണ്. വടകര മുക്കാളിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്. തട്ടോളിക്കര യുപി സ്‌കൂള്‍, മടപ്പള്ളി ഗവ. സ്‌കൂള്‍, മടപ്പള്ളി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തട്ടോളിക്കരയിലെ പരേതനായ വട്ടക്കണ്ടി ബാലന്‍ മാസ്റ്റര്‍-കമലാക്ഷി ടീച്ചര്‍ ദമ്പതികളുടെ മകനാണ്. അധ്യാപികയായ ഷെറിന്‍ തിലകാണ് ഭാര്യ. വിദ്യാര്‍ഥിനികളായ നിധി, ദിയ മക്കളാണ്.
















