കണ്ണൂര്‍: യുഡിഎഫ് ഗവണ്‍മെന്റ് 2015-16 വര്‍ഷത്തെ ബജറ്റില്‍ ബീഡിക്ക് ചുമത്തിയ വാറ്റ് നികുതി ബീഡി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതായി സംയുക്ത ബീഡിവ്യവസായികള്‍ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 14.5 ശതമാനം മൂല്യവര്‍ദ്ധിത നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുമെന്നായിരുന്നു ബീജി വ്യവസായികളുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ഇത് പിന്‍വലിക്കാതെ കേരള ദിനേശ് ബീഡിക്ക് മാത്രമായി എട്ട് കോടി രൂപയുടെ സാമ്പത്തിക സഹായം ചെയ്തുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് ബീഡി വ്യവസായികളില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദന ചെലവുകളും ബീഡിയുടെ വിപണനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളേര്‍പ്പെടുത്തിയ നികുതികളും ഈ വ്യവസായത്തെ അതീവ ഗുരുതരാവസ്ഥയിലാണ് എത്തിച്ചിട്ടുള്ളത്. തൊഴിലാളികള്‍ക്ക് നല്‍കേണ്ട പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവ കൃത്യമായി നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ 14.5 ശത്മാനം മൂല്യവര്‍ദ്ധിത നികുതി ചുമത്തിയത്. ഇത് ബീഡിയുടെ വിലവര്‍ദ്ധനവിന് ഇടയാക്കുമെന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന വിലകുറഞ്ഞ ബീഡിയുമായുള്ള മത്സരം അസാധ്യമാക്കുമെന്നും അതുവഴി ബീഡിവ്യവസായത്തെ തകര്‍ക്കുമെന്നും ബീഡി വ്യവസായികള്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തില്‍ ദിനേശ് ബീഡിക്ക് മാത്രമായി പാക്കേജ് അനുവദിച്ചത് അനുചിതമായി പോയെന്നും മറ്റുസ്ഥാപനങ്ങളോട് കാണിച്ച അവഗണന തിരുത്തണമെന്നും സാധുബീഡി മാനേജിംഗ് പാര്‍ട്ണര്‍ പി.പി.വിനോദ്, റോയല്‍ ബീഡി മാനേജിംഗ് പാര്‍ട്ണര്‍ കെ.പി.മുഹമ്മദ് തുടങ്ങി ആറ് കമ്പനി ഉടമകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
















