കാലടി: കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തിനുനേരെ ബൈക്കില്‍ എത്തിയ നാലംഗസംഘം ആശുപത്രിയുടെ ഒപി വിഭാഗത്തിലെ ചില്ല് തകര്‍ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് പലപ്പോഴും സംഘര്‍ഷത്തിന് ഇടവരാറുണ്ട്. അഞ്ച് ഡോക്ടര്‍മാര്‍ നിലവിലുള്ള ആശുപത്രിയാണെങ്കിലും ഒരു ഡോക്ടര്‍ ദീര്‍ഘകാല അവധിയെടുത്ത് പോകുകയും ലേഡിഡോക്ടര്‍ പ്രസവാവധിയിലുമാണ്. മൂന്ന് ഡോക്ടര്‍മാരുമാണ് ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചതോടെ ആയിരക്കണക്കിന് രോഗികളാണ് ആശുപത്രിയില്‍ ചികിത്‌സ തേടി ദിനംപ്രതി എത്തുന്നത്. ഡോക്ടര്‍ ഇല്ലാത്തതുകൊണ്ടാണ് ഞായറാഴ്ച രാത്രി ക്ഷുഭിതരായ ആളുകളാണ് ആശുപത്രി ആക്രമിച്ചത്. കാലടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















