ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കോടികളുടെ വായ്‌പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ സെപ്റ്റംബര്‍ 9ന് ഹാജരാകാന്‍ ദല്‍ഹികോടതി ഉത്തരവിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുമിത്ദാസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്.
നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും മല്ല്യ ഹാജരായിരുന്നില്ല. 9000 കോടി രൂപയുടെ കടം തിരിച്ചടയ്‌ക്കാതെ ഭാരതത്തില്‍ നിന്ന് യു.കെയിലേക്കു മുങ്ങിയ മല്ല്യയെ മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മല്ല്യ യു.കെയിലുണ്ട്. കള്ളപ്പണം വെളുപ്പിക്കലുള്‍പ്പെടെയുള്ള കേസുകളും മല്ല്യയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. മല്ല്യയുടെ പേരിലുള്ള 1411 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.
















