ശ്രീനഗര്‍: ഹിസ്ബുള്‍ ഭീകരന്‍ ബര്‍ഹാന്‍ മുസാഫര്‍ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ എട്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുല്‍ഗാം, ആനന്ദ്‌നാഗ് ജില്ലകളില്‍ ഹിസ്ബുള്‍ അനുഭാവികളായ യുവാക്കള്‍ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.
ഇവർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് എട്ട് പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കുമേറ്റു. അക്രമികള്‍ കുല്‍ഗാം ജില്ലയിലെ ബിജെപി ഓഫീസും സമീപത്തുള്ള നിരവധി കെട്ടിടങ്ങളും അടിച്ചുതകര്‍ത്തു. ശ്രീനഗര്‍, ദക്ഷിണ കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും യുവാക്കള്‍ പൊലീസിനുനേരെ കല്ലേറിഞ്ഞു.
ആനന്ദ്‌നാഗിലെ ബന്ദിപ്പോറ, ഗാസിഗുണ്ട്, ലര്‍നൂ തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളും പൊലീസ് പോസ്റ്റുകളും അക്രമികള്‍ നശിപ്പിച്ചു. ഭീകരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ അൻപതിനായിരത്തോളം പേരാണ് താഴ്‌വരയിൽ ഒത്തു ചേർന്നത്. തുടർന്നായിരുന്നു സംസ്ഥാനത്ത് ആക്രമണങ്ങൾ ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് പൊലീസുമായുള്ള ഏറ്റുമുട്ടല്‍ ഹിസ്ബുള്‍ ഭീകരനും പിടികിട്ടാപ്പുള്ളിയുമായിരുന്ന ബര്‍ഹാന്‍ കൊല്ലപ്പെട്ടത്. കശ്മീരില്‍ യുവാക്കളേയും കുട്ടികളേയും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ പ്രചോദനം നല്‍കുന്നതിന്റെ മുഖ്യസൂത്രധാരനായിരുന്നു ബര്‍ഹാന്‍.
















