ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ശ്രീനഗറില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് താത്കാലിക നിരോധനവും ഏര്‍പ്പെടുത്തി
വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഇരുപത്തിരണ്ടുകാരനായ വാനിയെ പൊലീസ് വെടിവച്ചു കൊന്നത്. വാനിയുടെ തലയ്‌ക്ക് 10 ലക്ഷം രൂപ പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. വാനിക്കൊപ്പം മറ്റു രണ്ട് ഭീകരരെയും സൈന്യം വധിച്ചു. ആക്രമണസാധ്യതാ മുന്നറിയിപ്പുള്ള സ്ഥലങ്ങളിലെ മുഴുവന്‍ സ്‌കൂളുകളിലെയും പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബാരാമുള്ളയില്‍ നിന്നുള്ള തീവണ്ടി ഗതാഗതവും താത്കാലികമായി നിര്‍ത്തിവച്ചു. പുല്‍വാമ ജില്ലയിലും അനന്ത്‌നാഗ്,പുല്‍ഗാം തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് അമർനാഥ് യാത്രയും താൽക്കാലികമായി റദ്ദാക്കി. വാനിയുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി പലയിടത്തും സംഘർഷമുണ്ടായി. പോലീസും പ്രക്ഷോഭകരും തമ്മിൽ പല സ്ഥലത്തും ഏറ്റുമുട്ടി. വാനിയുടെ ജന്മഗ്രാമമായ ഷരീഫാബാദിലേക്കുള്ള എല്ലാ വഴികളും പോലീസിന്റെ നിയന്ത്രണത്തിലാണ്.
രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് വാനി കാശ്മീർ വനത്തിലുണ്ടെന്ന് കണ്ടെത്തിയത്. സോഷ്യൽ മീഡിയയെ നല്ലതു പോലെ ഉപയോഗിച്ചിരുന്ന വാനി, ചുരുങ്ങിയ സമയം കൊണ്ടാണ് പുതുതലമുറ ഭീകരരുടെ മുഖമായി വാനി മാറിയത്. യുവാക്കളെ വിശുദ്ധ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന നിരവധി വീഡിയോകളും ശബ്ദരേഖകളും വാനി ഫേസ്ബുക്കിൽ പങ്കുവയ്‌ക്കുമായിരുന്നു.
















