ന്യൂദല്‍ഹി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ആം ആദ്മി പാര്‍ട്ടി ദിയോളി മണ്ഡലം എംഎല്‍എ പ്രകാശ് ജര്‍വാലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ദല്‍ഹി ജല്‍ബോര്‍ഡില്‍ പരാതിയുമായെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും ഇവരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയെന്നുമാണ് എംഎല്‍എയ്‌ക്കെതിരെയുള്ള കുറ്റം.
ഐപിസി സെക്ഷന്‍ 354, 506, 509 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജൂനിയര്‍ എഞ്ചിനീയറെ മര്‍ദ്ദിച്ചെന്ന കുറ്റത്തില്‍ 2014ലും ജര്‍വാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എഎപി പ്രതിനിധികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആരോപണങ്ങളെല്ലാം എഎപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയ എഎപി നേതാവ് ആശിഷ് ഖേതന്റെ പരാമര്‍ശം സംസ്ഥാന തലത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇതുകൂടാതെ പഞ്ചാബില്‍ മുസ്ലിം മതഗ്രന്ഥമായ ഖുറാനെ അധിക്ഷേപിച്ചതിനു പിന്നില്‍ എഎപി എംഎല്‍എ നരേഷ് യാദവിനെതിരെ കഴിഞ്ഞ ദിവസം എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതെല്ലാം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.
















