ജോഹന്നാസ്‌ബർഗ്: മോഹൻദാസിനെ മഹാത്മയാക്കിയത് സൗത്ത് ആഫ്രിക്കയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെൽസൺ മണ്ടേലയുടെയും മഹാത്മാഗാന്ധിയുടെയും കർമ്മഭൂമിയായിരുന്നു സൗത്ത് ആഫ്രിക്ക എന്നും മോദി പറഞ്ഞു.
സൗത്ത് ആഫ്രിക്കൻ സന്ദർശനത്തിനിടെ വെള്ളിയാഴ്‌ച ജോഹന്നാസ്‌ബർഗിലെ ഇന്ത്യൻ സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മഹാത്മ ഗാന്ധിക്കും നെല്‍സണ്‍ മണ്ടേലയ്‌ക്കും ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണീ സന്ദര്‍ശനം. കോളനിവത്കരണത്തിനും ജാതി വിവേചനത്തിനുമെതിരായി ഇരു രാജ്യങ്ങളും തുടര്‍ന്നും നിലകൊള്ളുമെന്നും മോദി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനിടയിലുള്ള പ്രതിസന്ധികളും പരിമിതികളും മറികടക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. വ്യവസായവും നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്കു തുറന്ന അവസരങ്ങളാണ് ഭാരതത്തിലുള്ളത്. ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യം അനുഭവിച്ചപ്പോഴും എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ഭാരതം നീങ്ങുന്നത്. 2022 ആകുമ്പോഴേക്കും ഭാരതത്തില്‍ 500 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.
ഗാന്ധിജിയെ ട്രെയിനില്‍നിന്ന് പുറത്താക്കിയതിന്റെ ഓര്‍മ പുതുക്കുന്നതിനായി പീറ്റര്‍മാരിട്സ്ബര്‍ഗ് റെയില്‍വേ സ്റ്റേഷനിലേക്ക് മോദി യാത്ര ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ മോദി പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക സഹകരണം ഉറപ്പുവരുത്താനും പ്രതിരോധം, ഉൽപ്പാദനം, ഖനനം എന്നീ മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനം ഉറപ്പാക്കുന്നതിനും കൂടിക്കാഴ്‌ചയിൽ ധാരണയായി.
















