ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ് പുലിവാലുപിടിച്ചു. 2006-2010 കാലത്ത് ടെലികോം വകുപ്പില്‍ നടന്ന 45,000 കോടിരൂപയുടെ അഴിമതിയെപ്പറ്റി പറഞ്ഞാണ് കോണ്‍ഗ്രസ് നാണംകെട്ടത്. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. എന്നാല്‍ അഴിമതി നടന്നത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണെന്ന കാര്യം സൗകര്യപൂര്‍വ്വം വിസ്മരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസം ശക്തമായി.
യുപിഎ സര്‍ക്കാര്‍ ഭരണകാലത്ത് ആറ് സ്വകാര്യ ടെലികോം കമ്പനികള്‍ വരുമാനത്തില്‍ കുറവ് കാണിച്ച് 46,045 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സിഎജി കണ്ടെത്തിയിരുന്നു. 2016 മാര്‍ച്ചിലാണ് സിഎജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് വന്ന് മൂന്നുമാസം മാത്രമായതിനിടെയാണ് അഴിമതിക്കാരെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നെന്ന വിചിത്ര ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിങ് സുര്‍ജേവാല രംഗത്തെത്തിയത്. ചില മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആദ്യ അഴിമതി ആരോപണം എന്ന നിലയില്‍ വാര്‍ത്ത ചമയ്‌ക്കുകയും ചെയ്തു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന സാമ്പത്തിക തട്ടിപ്പുകള്‍ തടയേണ്ടിയിരുന്ന ടെലികോം മന്ത്രിയും കേന്ദ്രസര്‍ക്കാരും അഴിമതിക്കാര്യത്തില്‍ വലിയ പരാജയമായിരുന്നെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ടാണ് മാര്‍ച്ചില്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേലുള്ള അന്വേഷണവും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയതിനിടെയാണ് മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ആരോപണം നിഷേധിച്ച് കേന്ദ്രടെലികോം മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ലൈസന്‍സ് ഫീസില്‍ അയ്യായിരം കോടിയുടേയും സ്‌പെക്ട്രം ഉപയോഗത്തില്‍ 7000 കോടിയുടേയും വെട്ടിപ്പ് നടത്തിയതായി സിഎജി കണ്ടെത്തിയെന്നും മുന്‍ സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും ടെലികോം മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എയര്‍ടെല്‍, വോഡഫോണ്‍, എയര്‍സെല്‍, റിലയന്‍സ്, ടാറ്റാ, ഐഡിയ എന്നീ കമ്പനികളാണ് വരുമാനത്തില്‍ വെട്ടിപ്പ് നടത്തിയത്.
സിഎജിയില്‍ നിന്നും ജുണ്‍ പകുതിയോടെ മാത്രമാണ് റിപ്പോര്‍ട്ടിന്റെ പ്രധാന ഘടകങ്ങള്‍ ലഭിച്ചത്. ആറ് ഓപ്പറേറ്റര്‍മാരുടെ നാലുവര്‍ഷത്തെ 22 ലൈസന്‍സ് വിഷയങ്ങളാണ് പരിശോധിക്കാനുള്ളത്. ഈ നടപടികളാണ് ഇപ്പോള്‍ മന്ത്രാലയം നടത്തുന്നത്.
പലിശ സഹിതം പിഴ നല്‍കിയാല്‍ മാത്രമേ ലൈസന്‍സ് കരാര്‍ പുതുക്കാനാവൂ എന്നതിനാല്‍ തന്നെ യാതൊരു നഷ്ടവുമില്ലാതെ സര്‍ക്കാരിന് പണം ലഭിക്കുമെന്നും മന്ത്രാലയം പറയുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കമ്പനികളില്‍ നിന്നും പണം പിഴയായി വാങ്ങിയെടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
















