തിരുവനന്തപുരം: ശ്രീനാരായണ ഗ്‌ളോബല്‍ മിഷന്റെദേശീയ കണ്‍വെന്‍ഷന്‍ ഒക്‌ടോബറില്‍ മുംബൈയില്‍ നടത്തുമെന്ന് ശ്രീനാരായണ ഗ്‌ളോബല്‍ മിഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എന്‍. ഗുണവര്‍ദ്ധനന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്തര്‍ദേശീയ മതേതര സേവാ സംഘടനയായ ശ്രീനാരായണ ഗ്‌ളോബല്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലുള്ള കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചുവരികയാണ്. ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതും മിഷന്‍ ലക്ഷ്യമിടുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുപുറമേ ഗുരുസന്ദേശങ്ങള്‍ മനുഷ്യ നന്മയ്‌ക്കായി പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയുള്ള വിവിധ പദ്ധതികളും മിഷന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മിഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ട സഹായസഹകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഭാരവാഹികള്‍ നിവേദനം നല്‍കി. നമുക്കു ജാതിയില്ല എന്ന ഗുരുസന്ദേശം രേഖപ്പെടുത്തിയ ഗുരുദേവചിത്രവും മിഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഗ്‌ളോബല്‍ സെക്രട്ടറി ജനറല്‍ ഡോ. ജി. അരവിന്ദന്‍, സംസ്ഥാന പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ദേശീയ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ടി.ആര്‍. വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.
















