വിളപ്പില്‍: കൊടും വരള്‍ച്ചയിലും ഗ്രാമീണ മേഖലയില്‍ തെളിനീരു ചുരത്തിയ പൊതുകിണറുകള്‍ നാശത്തിന്റെ വക്കില്‍. കുടിനീരിനായി ജനം ആശ്രയിച്ചിരുന്ന പൊതുകിണറുകളാണ് കുപ്പത്തൊട്ടികളായി മാറിയത്. ഗ്രാമീണ ജനതയുടെ ദാഹമകറ്റിയിരുന്ന പൊതുകിണറുകള്‍ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനാസ്ഥ കാണിച്ചതാണ് ഈ ദുര്‍വിധിക്ക് കാരണമായത്.
പല പഞ്ചായത്തുകളിലും പ്രദേശവാസികളും
വിളപ്പില്‍ പഞ്ചായത്തിലെ ഒരു പൊതുകിണര്‍ മാലിന്യം
നിക്ഷേപിച്ച് മൂടിയനിലയില്‍
സമീപത്തെ വ്യാപാരികളും മാലിന്യ നിക്ഷേപത്തിനുള്ള ഇടമായി കിണറുകളെ മാറ്റി. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും പൊതുകിണറുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഓരോ പഞ്ചായത്തിലെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കിണറുകള്‍ നിര്‍മ്മിച്ചിരുന്നത്. കോളനികള്‍ ഉള്ള വാര്‍ഡുകളില്‍ രണ്ടും മൂന്നും കിണറുകള്‍ നിര്‍മ്മിച്ചിരുന്നു. 1964 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ ഗ്രാമീണ മേഖലയില്‍ ആദ്യമായി പൊതുകിണറുകള്‍ സ്ഥാപിച്ച് തുടങ്ങിയത്. അന്ന് നാമമാത്രമായ പ്രദേശങ്ങളില്‍ മാത്രമായിരുന്നു കിണറുകള്‍ സ്ഥാപിച്ചിരുന്നത്. എന്നാല്‍ 1980 കാലഘട്ടത്തില്‍ പൊതുകിണര്‍ നിര്‍മ്മാണം വ്യാപകമാക്കി. വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഇതിനായി കോടികള്‍ ചെലവഴിച്ചു. പഞ്ചായത്ത് പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികള്‍ ഇഷ്ടദാനമായി നല്‍കിയ വസ്തുവിലുമൊക്കെ പൊതുകിണറുകള്‍ ഇടംനേടി. വേനലില്‍ ജലാശയങ്ങള്‍ പോലും വറ്റിവരണ്ടപ്പോഴും പൊതുകിണറുകള്‍ തെളിനീരു ചുരത്തി നാട്ടുകാരുടെ ദാഹമകറ്റി.
പൊതുകിണറുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞതോടെ തങ്ങളുടെ ജോലി അവസാനിച്ചു എന്ന പഞ്ചായത്തുകളുടെ കാഴ്ചപ്പാടാണ് ഇവയുടെ നാശത്തിന് വഴിതെളിച്ചത്. പതിറ്റാണ്ടില്‍ ഒരിക്കലെങ്കിലും ഇവ വൃത്തിയാക്കാനും അറ്റകുറ്റപണി നടത്താനും ഇവര്‍ തയ്യാറായില്ല. പ്ലാനിങ് ഫണ്ടില്‍നിന്നോ സ്വന്തം ഫണ്ടില്‍ നിന്നോ തുക വകയിരുത്തി പൊതുകിണറുകളുടെ നവീകരണം പഞ്ചായത്തുകള്‍ക്ക് ഏറ്റെടുത്ത് ചെയ്യാം. എന്നാല്‍ അവരതിന് മിനക്കെട്ടില്ല എന്നതാണ് വാസ്തവം. ഇരുപതും മുപ്പതും പൊതുകിണറുകളുള്ള പഞ്ചായത്തുകള്‍ നേമം ബ്ലോക്കിലുണ്ട്. ഇതില്‍ ഭൂരിഭാഗവും നാമാവശേഷമായി. ശേഷിക്കുന്നവയെ സംരക്ഷിക്കാന്‍ അതാതു പഞ്ചായത്തുകള്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ നമുക്ക് നഷ്ടമാകുന്നത് വറ്റാത്ത നീരുറവകളാണ്.
















