പയ്യന്നൂര്‍: താളമേളങ്ങളുടെയും ദൃശ്യപൊലിമയുടെയും പ്രൗഢിയില്‍ രാജസ്ഥാനി നര്‍ത്തകര്‍ ചുവടുവെച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. കടന്നപ്പള്ളി യുപി സ്‌കൂളിലാണ് രാജസ്ഥാനി നാടന്‍ നൃത്ത സംഗീതവിരുന്ന് അരങ്ങേറിയത്.
ലോകപ്രശസ്ത രാജസ്ഥാനി കലാകാരന്‍ ബുട്ടേഖാനും സംഘവും ചേര്‍ന്നാണ് കലാവിരുന്ന് അവതരിപ്പിച്ചത്. മാംഗനീയാര്‍ സംഗീതവും കല്‍ബേലിയ നൃത്തവുമായി പതിനഞ്ച് കലാകാരന്‍മാരും നര്‍ത്തകികളും രണ്ടുമണിക്കൂറിലെറെ വേദി നിറഞ്ഞാടി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്പിക്ക്മാക്കെ നേര്‍ത്ത് കേരള ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് രാജസ്ഥാനി പാരമ്പര്യ കലാവതരണം അരങ്ങിലെത്തിച്ചത്. ഉണ്ണിവാര്യര്‍, രമേഷ് ബാബു എന്നിവര്‍ സോദാഹരണ ക്ലാസെടുത്തു.
ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ബി.പ്രഭാവതി ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ഐ.വി.പവിത്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, സി.ശശി, വി.വി.ലക്ഷ്മി, കെ.കെ.സുരേഷ്, പ്രഥമാധ്യാപിക ടി.രാധ, കെ.നളിനി എന്നിവര്‍ സംസാരിച്ചു.
















