തലശ്ശേരി: കേപ്പിന്റെ നിയന്ത്രണത്തിലുള്ള തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിലെ അനധികൃത നിയമന ഇന്റര്‍വ്യൂ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. എരഞ്ഞോളി കുണ്ടൂര്‍മലയില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി സഹകരണ എഞ്ചിനിയറിംഗ് കോളേജില്‍ പിഎസ്‌സി റാങ്ക്‌ലിസ്റ്റ് തടഞ്ഞുകൊണ്ട് പിന്‍വാതിലിലൂടെ നിയമനം നടത്തുന്നതിന് വേണ്ടി തീരുമാനിച്ച ഇന്റര്‍വ്യൂവാണ് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായുള്ള കേപ്പില്‍ പിഎസ്എസി റാങ്ക്‌ലിസ്റ്റ് തടഞ്ഞുകൊണ്ട് പിന്‍വാതിലിലൂടെ നിയമനം നടത്തുന്നതിന്‌വേണ്ടി തീരുമാനിച്ച ഇന്റര്‍വ്യൂവിന് എതിരെ നടത്തിയ ഉപരോധ സമരം യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം.ജിതേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച നേതാക്കളുമായി കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ്ജ് സി.രാമചന്ദ്രന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്റര്‍വ്യൂ മാറ്റിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കതിരൂര്‍ പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
















