പിലാത്തറ: സമസ്ത മേഖലകളിലും സിപിഎം ജനാധിപത്യ ധ്വംസനം നടത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. സിപിഎം അക്രമത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തിന്റെ പ്രസക്തി കാലഹരണപ്പെട്ടെന്ന് തിരിച്ചറിഞ്ഞ സിപിഎം ഗുണ്ടായിസം നടപ്പിലാക്കി നിലനില്‍ക്കാനാകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും ദളിതരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ദീനരോദനങ്ങളാണ് കേള്‍ക്കുന്നത്. മരണവീട്ടില്‍ റീത്ത് വെക്കുന്നത് പോലും തടയുന്ന അവസ്ഥയാണ്. ജീവിക്കാനുള്ള അവകാശത്തിനായി പാവപ്പെട്ടവര്‍ സമര രംഗത്തേക്ക് ഇറങ്ങേണ്ടുന്ന സ്ഥിതിവിശേഷമാണ് കണ്ണൂര്‍ ജില്ലയിലുള്ളതെന്ന് രമേശ് ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത്, ശങ്കരന്‍ കൈതപ്രം, എം.കെ.മധു എന്നിവര്‍ സംസാരിച്ചു.
















