ആലപ്പുഴ: ആലപ്പുഴ നഗരസഭയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍പ്പെടുത്തി 2.46 കോടി രൂപ അനുവദിച്ചു. ദേശീയ നഗര ഉപജീവന മിഷന്‍ പ്രോജക്ടില്‍പ്പെടുത്തി നഗരസഭാ ശാന്തിമന്ദിരത്തിനായി 1.25 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഇന്നു രാവിലെ 10ന് ആലപ്പുഴ ടൗണ്‍ഹാളില്‍ കെ.സി. വേണുഗോപാല്‍ എംപി നിര്‍വ്വഹിക്കും. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിക്കുകീഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നതിനും തൊഴില്‍ നല്‍കുന്നതിനുമായി ഒരുകോടി രൂപ അനുവദിച്ചു.
സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് അവയ്‌ക്ക് ആനുകൂല്യം നല്‍കല്‍, ദരിദ്രര്‍ക്ക് തൊഴില്‍ പരിശീലനം, തൊഴില്‍ നേടിക്കൊടുക്കല്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കുക, തെരുവുകച്ചവടക്കാരുടെ ഉന്നമനം തുടങ്ങിയവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 90 പേരെ തൊഴില്‍ പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്ന് നഗരസഭാ അദ്ധ്യക്ഷന്‍ തോമസ് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്വയം തൊഴില്‍ ചെയ്യുന്നതിന് രണ്ടുലക്ഷം രൂപ വരെ വായ്‌പ നല്‍കും. അഞ്ച് അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്ക് പത്തുലക്ഷം രൂപ വരെ വായ്‌പ നല്‍കും. പുരുഷന്മാര്‍ക്ക് ഏഴുശതമാനം പലിശയ്‌ക്കും സ്ത്രീകള്‍ക്ക് നാലു ശതമാനം പലിശയ്‌ക്കുമാണ് വായ്‌പ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയല്‍ക്കൂട്ടങ്ങള്‍ക്കും എഡിസികള്‍ക്കും റിവോള്‍വിങ് ഫണ്ടും വിതരണം ചെയ്യും. 153 അയല്‍ക്കൂട്ടങ്ങള്‍ക്കും 13 എഡിസികള്‍ക്കുമായി 21.8ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
















