കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സ്ലാബ് നീക്കിയുള്ള ഓവുചാലിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിവെച്ചത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. എസ്എന്‍ പാര്‍ക്കിന് സമീപം ഒണ്ടേന്‍ റോഡില്‍ കഴിഞ്ഞ ദിവസമാണ് ഓവുചാല്‍ ശുചീകരണത്തിന് വേണ്ടി സ്ലാബ് ഇളക്കി മാറ്റിയത്. എന്നാല്‍ മഴ ശക്തമായതോടെ ഓവുചാല്‍ ശുചീകരണം നിര്‍ത്തിവെച്ചതാണ് ഇപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. സ്ലാബ് പൂര്‍വ്വസ്ഥിതിയിലാക്കാതെ ഇളക്കിമാറ്റിയനിലയില്‍ തന്നെയാണ് കരാറുകാരന്‍ പണി നിര്‍ത്തിവെചച്ചത്. മഴ പെയ്ത് ഓവുചാലില്‍ വെള്ളം നിറഞ്ഞതോടെ റോഡും ഓവുചാലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലായിരിക്കുകയാണ്. നിരവധി കാല്‍നട യാത്രക്കാരും ബൈക്ക് യാത്രക്കാരും അപകടത്തില്‍പ്പെട്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
















