ആലപ്പുഴ: നെഹ്‌റുട്രോഫി, പള്ളാത്തുരുത്തി, കൈനകരി പ്രദേശങ്ങളില്‍ രാവിലെ എട്ടു മുതല്‍ 10 വരെയും വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയും ഹൗസ് ബോട്ട് യാത്രയ്‌ക്ക് ഏര്‍പ്പെടുത്തിയ താത്കാലികനിരോധനം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഹൗസ് ബോട്ടുകള്‍ അശ്രദ്ധമായി ഓടിക്കുന്നതു മൂലം നെഹ്‌റുട്രോഫി, പള്ളാത്തുരുത്തി, കൈനകരി പ്രദേശങ്ങളില്‍ നിന്നും ചെറുവള്ളങ്ങളിലും ചെറിയ ബോട്ടുകളിലും സ്‌കൂളിലേക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തിലാണ് മുമ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. ചെറുവള്ളങ്ങളും ബോട്ടുകളും വരുമ്പോള്‍ ഹൗസ്‌ബോട്ടുകള്‍ നിര്‍ത്തിയിട്ട് സുരക്ഷ ഉറപ്പാക്കാമെന്ന ഹൗസ്‌ബോട്ട് ഉടമകളുടെ ഉറപ്പ് പരിഗണിച്ചാണ് നിരോധനം പിന്‍വലിച്ചത്. ഹൗസ്‌ബോട്ട് ഉടമകള്‍ തൊഴിലാളികള്‍ക്ക് ഇതു സംബന്ധിച്ച ബോധവത്കരണം നല്‍കും.
കരുതല്‍ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലാ പോര്‍ട്ട് ഓഫീസര്‍ ഉറപ്പുവരുത്തണം. നിയമ ലംഘനങ്ങള്‍ ജില്ലാ പൊലീസ് മേധാവി പരിശോധിക്കും. നിയമ ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കും.
















