അമ്പലപ്പുഴ: ബ്ലേഡ് മാഫിയയുടെ ഭീഷണി. പല കുടുംബങ്ങളും ആത്മഹത്യയുടെ വക്കില്‍. പുന്നപ്രയിലും പരിസര പ്രദേശങ്ങളിലും ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കി. ഇതേത്തുടര്‍ന്ന് പലിശ വായ്‌പ്പയ്‌ക്ക് പണമെടുത്ത അനേകം പേര്‍ സമയത്ത് പലിശ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലായി. എന്നാല്‍ പലിശപ്പണം ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയകള്‍ വീടുകളിലെത്തി ഭീഷണി മുഴക്കുകയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളി കുടുബങ്ങള്‍ ഉള്‍പ്പെടെ അനേകം കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലായിരിക്കുകയാണ്.
ചില ബ്ലേഡുകാര്‍ ആധാരം വരെ വാങ്ങി വെച്ചിട്ടാണ് പലിശയ്‌ക്ക് പണം കൊടുത്തിരിയ്‌ക്കുന്നത്. ഇവര്‍ ആധാരം തീറാക്കിയാല്‍ പാവപ്പെട്ട കുടുംബങ്ങളുടെയും കിടപ്പാടം നഷ്ടപ്പെടുമോയെന്ന ഭയത്തിലാണ് പലിശയ്‌ക്ക് കടമെടുത്തിരിയ്‌ക്കുന്ന പല കുടുംബങ്ങളും. പുന്നപ്ര, കുറവന്‍തോട്, മാക്കിമുക്ക്, റെയില്‍വെറോഡ്, സിന്ദൂരജങ്ഷന്‍ ഉള്‍പ്പെട്ട പുന്നപ്ര യുടെ പ്രാന്തപ്രദേശങ്ങളില്‍ 20ലധികം ബ്ലേഡ് മാഫിയകളാണ് വിലസുന്നത്. എന്നാല്‍ ഇവരെ ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതേ തുടര്‍ന്ന് പല കുടുംബങ്ങളും ഭീഷണി നേരിടുകയാണ്.
















